തിരുവനന്തപുരം/ സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലൊക്കേഷന്‍ ഡാറ്റയോ ഫേസ്ബുക്കുമായി പങ്കിടില്ലെന്ന് ആവര്‍ത്തിച്ച് വാട്‌സ്‌ആപ്പ് തങ്ങളുടെ സ്വകാര്യതാ നയം വ്യക്തമാക്കുന്ന വിശദീകരണം പുറത്തിറക്കി. വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്ബനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പുതിയ പോളിസി അപ്‌ഡേറ്റിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ഈ സാഹചര്യമാണ് വിശദീകരണവുമായി കമ്ബനി രംഗത്തെത്തിയിരിക്കുന്നത്.ചില കിംവദന്തികള്‍ പ്രചരിക്കുന്നതിനാല്‍, ഞങ്ങള്‍ക്ക് ലഭിച്ച ചില സാധാരണ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്വകാര്യമായി ആശയവിനിമയം നടത്താന്‍ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങള്‍ ഏതറ്റം വരേയും പോകും. പുതിയ നയം സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങള്‍ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല,” എന്നാണ് കമ്ബനിയുടെ വിശദീകരണം.”വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളോ നിങ്ങളുടെ കോളുകളോ കാണാന്‍ സാധിക്കില്ല. നിങ്ങളെ വിളിക്കുകയും നിങ്ങള്‍ക്ക് സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ വാട്‌സാപ്പ് സൂക്ഷിക്കില്ല. നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാന്‍ സാധിക്കില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രൈവറ്റ് തന്നെ ആയിരിക്കും. നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കുന്നതായി സെറ്റ് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും,” കമ്ബനി വ്യക്തമാക്കി.സ്വകാര്യതാ നയം പുതുക്കിയതിന് പിറകെ വാട്സ്‌ആപ്പിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ധിക്കുകയാണ്. മാതൃ കമ്ബനിയായ ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്കിടുന്നതിനെക്കുറിച്ചാണ് വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ പറയുന്നത്. പുതിയ നയവും സേവന നിബന്ധനകളും 2021 ഫെബ്രുവരി 8 നകം ഉപഭോക്താക്കള്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ അവരുടെ അക്കൗണ്ട് ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വാട്സ്‌ആപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് വാട്സ്‌ആപ്പ് ഉപേക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുകയും ചെയ്യുന്നു.