ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൌഢ ഗംഭീരമായ തുടക്കം. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു.നിറഞ്ഞ സദസിലായിരുന്നു ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിന്‍റെ പ്രദര്‍ശനം.പ്രതിസന്ധിയുടെ കാലമൊഴിഞ്ഞ് ചലച്ചിത്രമേള വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിന്‍റെ കാഴ്ചയായിരുന്നു തിങ്ങി നിറഞ്ഞ ആസ്വാദക സദസ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു മുഖ്യാതിഥി. ഭീകരാക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ കുര്‍ദ്ദിഷ് സംവിധായക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയും എത്തി. വലിയ ആരവത്തോടെയും ആവേശത്തോടെയുമായിരുന്നു ഭാവനയെ പ്രതിനിധികള്‍ വേദിയിലേക്ക് സ്വീകരിച്ചത്. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസ നേരുന്നുവെന്ന് ഭാവന പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ വേദി വിട്ടിറങ്ങിയ ഭാവന മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആവര്‍ത്തിച്ചു.പോരാട്ടവും ,അതിജീവനവും എല്ലാവരേയും പ്രചോദിപ്പിക്കട്ടെയെന്ന് ലിസ ചെലാനെയും നടി ഭാവനയെയും വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ മികച്ച ചിത്രങ്ങള്‍ വരുന്നത് കേരളത്തില്‍ നിന്നാണെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി.മേളയുടെ രണ്ടാംദിവസമായ ഇന്ന് 68 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. മത്സരവിഭാഗത്തിലെ മലയാള സിനിമ ആവാസവ്യൂഹം ഇന്ന് പ്രേക്ഷകരിലേക്കെത്തും. ലിസ ചലാന്‍റെ ദ ലാങ്ക്വേച് ഓഫ് ദ മൌണ്ടയിന്‍, അപര്‍ണ സെന്നിന്‍റെ ദ റേപ്പിസ്റ്റ്, മലയാള ചിത്രം കുമ്മാട്ടി, ഓസ്കര്‍ നോമിനേഷന്‍ നേടിയ കൂഴങ്കല്‍ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.