തിരുവനന്തപുരം:വിവാഹനെത്തിയ സ്ത്രീയുടെ സ്കൂട്ടറില്‍ നിന്ന് പണം അപഹരിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സതീഷ് കുമാറിനെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ആലംകോട് സ്വദേശിയായ സ്ത്രീയുടെ സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് പ്രതി മോഷ്ടിച്ചത്.
കല്യാണ ഓഡിറ്റോറിയത്തില്‍ പാര്‍ക്ക് ചെയ്ത സ്ത്രീയുടെ സ്കൂട്ടറില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മറ്റൊരാള്‍ക്ക് കൈമാറാനുള്ള ചിട്ടി തുകയായിരുന്നു. കല്യാണം കഴിഞ്ഞ് തിരികെ വാഹനവുമായി പണം കൈമാറാന്‍ പോയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് വര്‍ക്കല പോലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി സതീഷാണെന്ന് പോലീസ് മനസ്സിലാക്കിയത്.
ഓഡിറ്റോറിയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് 7 വാഹനങ്ങള്‍ ഇയാള്‍ താക്കോല്‍ ഉപയോഗിച്ച് തുറന്നതായും പോലീസ് കണ്ടെത്തി. വിവിധ സ്റ്റേഷനുകളിലായി 17 മോഷണ കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്. മോഷണം നടത്തിയ ശേഷം കോട്ടയത്തേക്ക് കടന്ന ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു നിന്നാണ് പിടികൂടിയത്.