തിരുവനന്തപുരം: തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ കെ.വൈ.സി രജിസ്ട്രേഷനുകള്‍ പുതുക്കണമെന്നതടക്കം വിവിധ സന്ദേശങ്ങളുമായി തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ഫോണ്‍ വഴി ബന്ധപ്പെടുന്നുണ്ട്.
അവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ റിമോട്ട് അക്സസ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ഫോണില്‍ സേവ് ചെയ്തതും ടൈപ് ചെയ്യുന്നതുമായ വിവരങ്ങള്‍ തല്‍സമയം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് ഇൻ്റര്‍നെറ്റ് ബാങ്കിംഗ്, പേയ്മെന്റ് അപ്ലിക്കേഷനുകളിലൂടെ പണം തട്ടിയെടുക്കുന്നു. എല്ലാവിധ അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് വെരിഫിക്കേഷനും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ തട്ടിപ്പുകാര്‍ സിം കാര്‍ഡ് അക്സസ് നേടുന്നതിനോ സിം കാര്‍ഡിൻ്റെ ഡിജിറ്റല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനോ ശ്രമിക്കുന്ന സാഹചര്യവുമുണ്ട്. സിംകാര്‍ഡുമായി ബന്ധപ്പെട്ട ഒരു വിവരവും മറ്റൊരാളുമായി പങ്കിടരുത്. നിശ്ചിത സമയത്തിലധികം ഫോണില്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കില്‍ സിമ്മിന് ഡ്യൂപ്ലിക്കേറ്റ് അനുവദിച്ചിട്ടില്ലായെന്ന് ഉറപ്പുവരുത്തുവാന്‍ മൊബൈല്‍ സേവന ദാതാവിനെ ബന്ധപ്പെടുക.
ഗൂഗിള്‍, യാഹൂ തുടങ്ങിയ സെര്‍ച് എന്ജിനിലൂടെയുള്ള തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിവിധ കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ കസ്റ്റമര്‍ കെയര്‍ നമ്പറിനായി സെര്‍ച്ച് എന്ജിന് ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക. ഇത്തരം നമ്പറുകള്‍ കമ്പനികളുടെ വെബ്സൈറ്റില്‍ നിന്നുതന്നെ എടുക്കണം. ക്യു.ആര് കോഡ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കാന്‍ അപരിചിതര്‍ അയച്ചുതരുന്ന ക്യു.ആര് കോഡ് സ്കാന്‍ ചെയ്യാതിരിക്കുക. നവമാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പും വ്യാപകമാണ്. നവമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളില്‍ ഫോണ്‍മുഖാന്തരം ബന്ധപ്പെട്ടശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കണം.