വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ഇ ബിയിലെ തൊഴിലാളി സംഘടനകൾ നടത്തിവന്ന അനിശ്ചിതകാല പ്രതിഷേധ സമരം മാനേജ്മെന്റുമായുള്ള ചർച്ചയെത്തുടർന്ന് രമ്യമായി പരിഹരിച്ചു.
അംഗീകൃത യൂണിയൻ, ഓഫീസർ സംഘടനാ നേതാക്കളുമായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി. അശോക് നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ച അഞ്ചു നിർദ്ദേശങ്ങൾ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന വ്യവസായ സുരക്ഷാ സേനാ (SISF) വിന്യാസം ഡാറ്റ സെന്ററിലും സബ് എൽ ഡിയുടെ സമീപത്തുമായി പരിമിതപെടുത്തും. ഡാറ്റാ സെന്ററിന് സമീപം എസ് ഐ എസ് എഫിന് സി സി ടി വി കണ്ട്രോൾ സ്ക്രീനും വിശ്രമ മുറിയും അനുവദിക്കാനും ധാരണയായി.
SISF വിന്യാസത്തെക്കുറിച്ചും വൈദ്യുതിഭവനിനു മുൻപിലുള്ള സമരം നിരോധിച്ചുകൊണ്ടും പുറത്തിറങ്ങിയ പരിപത്രം പുതുക്കി ഇറക്കുവാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സമരം ചെയ്ത കാലയളവിൽ ജീവനക്കാർക്ക് അനുവദനീയമായ ലീവ് അനുവദിക്കും.
തൊഴിലാളി യൂണിയനുകളുമായും ഓഫീസർ സംഘടനകളുമായും എല്ലാമാസവും ഒരു കോഓർഡിനേഷൻ മീറ്റിംഗ് നടത്തി മറ്റു വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. ശമ്പള കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വ്യവഹാരങ്ങൾ എന്നിവ മാനേജ്മെന്റും യൂണിയനുകളുമായി ചർച്ചചെയ്തു തീർപ്പാക്കും.
മുടങ്ങിക്കിടന്ന പ്രൊമോഷനുകൾ, സി ഇ എ കേസിൽ സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
ചർച്ചയിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി. അശോക്, ഫിനാൻസ് ഡയറക്ടർ ഹരി വി ആർ, ഡയറക്ടർ സുകു ആർ, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് ഹരിലാൽ, കെ എസ് ഇ ബി എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി ഗോപകുമാർ എം പി, യൂ ഡി ഇ ഇ എഫ് സെക്രട്ടറി സുരേഷ് കഴിവൂർ ഓഫീസർ സംഘടനാ നേതാക്കളായ എം. ജി സുരേഷ് കുമാർ, അനന്തകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.