തിരുവനന്തപുരം: കോളേജില്‍ നടന്ന എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷത്തിന്റെയും തുടര്‍ന്ന് എസ്.എഫ്.ഐ അദ്ധ്യാപകരെ പൂട്ടിയിട്ട് സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ അടച്ചിടിരുന്ന ലോ കോളേജിലെ പതിവ് ക്ളാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു.ഇന്നലെ ചേര്‍ന്ന അദ്ധ്യാപകരുടെയും കോളേജ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണത്തിലാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്.
സിറ്റി പോലീസ് കമ്മിഷണറോട് പ്രിന്‍സിപ്പല്‍ തന്നെ ഇന്നലെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. മ്യൂസിയം പോലീസിന്റെ നേതൃത്വത്തിലാണ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഒരാഴ്ചയിലധികമായി കോളേജ് അടച്ചിട്ടിരിക്കുന്നതിലും പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്നാണ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമുണ്ടായത്.
തലസ്ഥാനത്തെ പ്രധാനപ്പെട്ട കോളേജ് അടച്ചിട്ടിരിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കോളേജ് അടച്ചിട്ടിരിക്കുന്നത് സര്‍ക്കാരിന് ക്ഷീണമാണെന്നും അതുകൊണ്ട് എത്രയും വേഗം ക്ളാസുകള്‍ പുനരാരംഭിക്കണമെന്നും മന്ത്രിതലത്തില്‍ തന്നെ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.