ഇപ്പോള്‍ സാമ്പത്തിക ഇടപാടുകളെല്ലാം മൊബൈല്‍ ഫോണിലൂടെയാണല്ലോ? സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളിലേക്ക് തിരിഞ്ഞ് കഴിഞ്ഞുഇത് മുതലെടുത്ത് ആളുകളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്ന തട്ടിപ്പുകാരുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വളരെ വലിയ തോതില്‍ ആണ് വര്‍ധിച്ചിട്ടുള്ളത്. സത്യമെന്നു തോന്നുന്ന ചില കോളുകളും എസ് എം എസുകളും പോലും തട്ടിപ്പുകള്‍ ആയേക്കാം. അത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ തട്ടിപ്പാണ് വിഷിംഗ്.
വിഷിംഗിനെക്കുറിച്ച് നിങ്ങള്‍ മുൻപ് കേട്ടിട്ടുണ്ടോ? ഒരു ഫോണ്‍ കോളിലൂടെ നിങ്ങളില്‍ നിന്ന് സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് വിഷിംഗ്. ബാങ്കില്‍നിന്നെന്ന രീതിയില്‍ ഫോണിലൂടെ ഇടപാടുകാരെ വിവിധ കാര്യങ്ങള്‍ പറഞ്ഞു ഭയപ്പെടുത്തി/വിശ്വസിപ്പിച്ച് വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് വിഷിംഗ്. വീണു കിട്ടുന്ന ഇരകളെ ഉപയോഗിച്ച് സമാന്തരമായി മൊബൈല്‍ ഫോണുകളിലേക്ക് വണ്‍ടൈം പാസ് വേഡുകള്‍ വരെ അവര്‍ ചോര്‍ത്തിയെടുക്കുന്നു. ഇതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാം.
ഉപയോക്താക്കളുടെ ഐഡി, ലോഗിന്‍, ഇടപാട് പാസ്‌വേഡ്, ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്), കാര്‍ഡ് പിന്‍, ഗ്രിഡ് കാര്‍ഡ് മൂല്യങ്ങള്‍, സിവിവി, അല്ലെങ്കില്‍ ജനനത്തീയതി തുടങ്ങിയ ഏതെങ്കിലും വ്യക്തിഗത സമാന്തര സാധ്യതകള്‍ ആണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്.
കോളിലൂടെ വ്യക്തിഗതവും സാമ്പ ത്തികവുമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കില്‍ നിന്നെന്ന് പറഞ്ഞാണ് ഇവര്‍ വിളിക്കുക. ഇവര്‍ ചോദിക്കുന്ന സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ കൈമാറിയാല്‍ പിന്നീട് നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ആവശ്യമുള്ള പണം ഇവര്‍ക്ക് തട്ടിയെടുക്കാനാകും.
ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനി എന്നിവിടങ്ങളില്‍ നിന്നെന്ന പേരില്‍ കോളുകള്‍ വന്നാല്‍ അവയില്‍ സത്യമുണ്ടോ എന്നറിയാന്‍ എസ്‌എംഎസ്, ഇ മെയില്‍ എന്നിവ ആവശ്യപ്പെടുക. ശേഷം ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക. ഇവ ലഭിച്ചാല്‍ മാത്രം പ്രൊസീഡ് ചെയ്യുക. ഫോണ്‍ കോളിലൂടെ യാതൊരു ബാങ്കും പണമിടപാട് സ്ഥാപനവും പാസ്സ്‌വേർഡ് ചേദിക്കില്ല എന്നത് നിങ്ങള്‍ എപ്പോഴും ഓര്‍ത്തിരിക്കുക. ശ്രദ്ധാലുക്കളാകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.