തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിനു നാഗ്‌പൂര്‍ ആസ്‌ഥാനമായുള്ള സുരക്ഷാ ഏജന്‍സി പെസോയുടെ(പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍) അനുമതി നല്‍കി.പൂരത്തിനു ദിവസങ്ങള്‍ക്കു മുമ്ബാണ് സാധാരണ അനുമതി ലഭിക്കാറുള്ളത്. ഇക്കുറി നടപടികള്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചത് ഇരുദേവസ്വങ്ങള്‍ക്കും ആശ്വാസമായി. വേഗം നടപടികളെടുക്കണമെന്നു സുരേഷ്‌ഗോപി എം.പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. പെസോ അധികൃതര്‍ നടപടിക്രമങ്ങള്‍ പരിശോധിച്ചാണ് അനുമതി നല്‍കിയത്.
കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവയ്‌ക്ക് അനുമതി ലഭിച്ചു. അടുത്ത മാസം 11 നു പുലര്‍ച്ചെ മൂന്നിനാണ് പൂരംവെടിക്കെട്ട്. സാമ്ബിള്‍ വെടി മേയ് എട്ടിനു വൈകിട്ട് ഏഴിനാണ്.
മെയ് 10 നാണ് തൃശൂര്‍ പൂരം. മുന്‍ ലൈസന്‍സികളായിരുന്ന ശ്രീനിവാസന്‍, സജി എന്നിവരുടെ ലൈസന്‍സിനു സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ മാറ്റി നല്‍കാന്‍ ദേവസ്വങ്ങള്‍ പെസോയെ സമീപിച്ചിരുന്നു.
പാറമേക്കാവിനു വേണ്ടി പി.സി. വര്‍ഗീസ്, തിരുവമ്ബാടിക്കുവേണ്ടി എം.എസ്. ഷീമ എന്നിവരെയാണ് ലൈസന്‍സികളായി തീരുമാനിച്ചിരുന്നത്. അനുമതിക്കായി ഇവര്‍ പെസോയ്‌ക്ക് അപേക്ഷയും നല്‍കി. തുടര്‍ന്നാണ് നടപടി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പൂരത്തിന് ഉപയോഗിച്ചിരുന്ന ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവ ഈ വര്‍ഷവും പൊട്ടിക്കാം. ഇതുസംബന്ധിച്ച് കലക്‌ടര്‍ക്ക് പെസോ അറിയിപ്പ് നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പൂരം നടത്തിപ്പ് പൂര്‍ണമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂരം ചടങ്ങുകള്‍ നടത്തിയെങ്കിലും പൂര നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പ്രവേശനം നല്‍കും.
തൃശൂര്‍ പൂരം പ്രദര്‍ശനത്തിനും തുടക്കമായിട്ടുണ്ട്. രണ്ടുവര്‍ഷം വിട്ടുനിന്ന ശേഷം ഇക്കുറി പൂരം ശരിക്കും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പൂരപ്രേമികള്‍. എണ്ണം പറഞ്ഞ് കരിവീരന്മാര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പുകളില്‍ പങ്കാളികളാകും. കുടമാറ്റത്തിനും മേളത്തിനുമൊപ്പം പ്രാധാന്യം വെടിക്കെട്ടിനുമുണ്ട്.