തിരുവനന്തപുരം:- യാത്രയ്ക്കിടെ മൊബൈൽ ഫോണിന്റെ ചാർജ്ജ് കുറയുമ്പോൾ പൊതുസ്ഥലങ്ങളിലുളള ഫ്രീ ചാർജ്ജിംഗ് പോയിന്റുകൾ ഉപയോഗിക്കുമ്പോൾ ഡാറ്റ നഷ്ടപ്പെടലുകൾക്ക് സാധ്യത ഉളളതിനാൽ ഇത്തരം സ്ഥലങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്ന് ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. സമീപകാലത്ത് ഓൺലൈൻ പണം തട്ടിപ്പും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സിറ്റി പോലീസ് ആഗസ്റ്റ് 1 മുതൽ ആരംഭിച്ച ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായുളള പ്രചരണപരിപാടികൾ തുടരുന്നു. വിവിധ മാധ്യമങ്ങളിലൂടെ പോലീസ് നൽകിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി നിരവധിപേരാണ് സിറ്റി സൈബർ സെല്ലുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തിയത്. പോലീസ് നൽകുന്ന മുന്നറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാൽ എല്ലാത്തരം സൈബർ തട്ടിപ്പുകളും തടയാൻ കഴിയുമെന്നും കമ്മീഷണർ അറിയിച്ചു.
ജ്യൂസ് ജാക്കിംഗ്
യാത്രയിൽ മൊബൈൽ ഫോണിന്റെ ചാർജ്ജ് കുറയുമ്പോൾ ആശ്രയിക്കാറുളള ബസ്റ്റാന്റുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയിലെ ഫ്രീ ചാർജ്ജിംഗ് പോയിന്റുകൾ പലപ്പോഴും ഡാറ്റാ/ ഫയലുകളുടെ നഷ്ടപ്പെടലുകൾക്ക് കാരണമാകാറുണ്ട്. ഇത്തരം ഡാറ്റാ തട്ടിയെടുക്കലുകളെ ജ്യൂസ് ജാക്കിംഗ് എന്നുപറയുന്നു. ഇത്തരം ചാർജ്ജിംഗ് പോയിന്റുകൾ മുഖാന്തിരം നമ്മുടെ ഫോണിലേയ്ക്ക് കയറുന്ന മാൽവെയറുകൾ നമ്മുടെ പാസ്സ്‌വേർഡ്, ഫോട്ടോ, വീഡിയോ അടക്കമുള്ള അതിപ്രാധാന്യമുളള വിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ :
പൊതു ചാർജ്ജിംഗ് പോയിന്റുകളും മറ്റ് അപരിചിത ചാർജ്ജിംഗ് പോർട്ടുകളും ഉപയോഗിക്കാതിരിക്കുക.
ലോട്ടറി സ്കാമുകൾ :-
വളരെക്കാലമായി പൊതുജനങ്ങൾ തട്ടിപ്പിന്നിരയാകുന്ന ഒരു തട്ടിപ്പു രീതിയാണ് ലോട്ടറി തട്ടിപ്പുകൾ. നിങ്ങൾക്ക് വളരെ വലിയ ഒരു ലോട്ടറി തുക ബമ്പർ പ്രൈസായി ലഭിച്ചുവെന്നും അത് നേടുന്നതിനായി ബാങ്ക് അക്കൌണ്ട് / ക്രഡിറ്റ് കാർഡ് ഇവ വെരിഫൈ ചെയ്യണമെന്നും ഫോൺ വഴിയോ, വാട്സ്ആപ്പ് വഴിയോ സന്ദേശം ലഭിക്കുന്നു. പലപ്പോഴും ടാക്സ് ഇനത്തിലും പണം ട്രാൻസഫറിനുമായ പ്രോസസ്സിംഗ് ചാർജ്ജ് എന്നൊക്കെ പറഞ്ഞ് പണം തട്ടിക്കുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ :
ലോട്ടറികളുമായി ബന്ധപ്പെട്ട് ഇ-മെയിൽ / മറ്റ് സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഒരിക്കലും ലഭിക്കാത്ത ലോട്ടറികൾക്ക് വേണ്ടി യാതൊരു കാരണവശാലും പണം നഷ്ടപ്പെടുത്താതിരിക്കുക.
ഓൺലൈൻ ജോലി തട്ടിപ്പുകൾ :-
ഓൺലൈൻ ജോലി സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. നമ്മുടെ ബാങ്ക് അക്കൌണ്ട് / ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ് വിവരങ്ങൾ ഇത്തരം സൈറ്റുകളിൽ നല്കാതിരിക്കുക. പലപ്പോഴും തട്ടിപ്പുകാർ തന്നെ ഓഫീസർമാരെന്ന വ്യാജേന ഇന്റർവ്യൂ നടത്തുകയും വ്യാജ അപ്പോയിന്റ് മെന്റ് നൽകുകയുമൊക്കെ ചെയ്തേയ്ക്കാം. കൂടാതെ തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ട്രെയിനിംഗിനും പ്രോസസിംഗ് ചാർജ്ജിംഗിനുമായി വലിയ തുക പറ്റിക്കുന്നതിനും സാധ്യതയുണ്ട്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ :
യഥാർത്ഥ ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനികൾ ഒരിക്കലും പണം ആവശ്യപ്പെടാറില്ല. അപരിജിത പേയ്മെന്റ് പോർട്ടലുകളിൽ പണം മുടക്കാതിരിക്കുക.
വ്യാജ ലോൺ പരസ്യങ്ങൾ
ആകർഷകമായ ഓഫറുകളും വളരെ താഴ്ന്ന പലിശനിരക്കുകളും ഉൾപ്പെടെ ആളുകളെ വലയിലാക്കുക എന്ന ഉദ്ദ്യേശത്തോടെ മാത്രം നൽകുന്ന ഇത്തരം പരസ്യത്തിൽ വീഴുന്നവരെ ഓൺലൈനായി ഡോക്യൂമെന്റ് / ഇ-മെയിൽ വെരിഫിക്കേഷൻ നടത്തിയും വളരെചെറിയ തുക ലോൺ ആയി നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. കൂടാതെ പ്രോസസ്സിംഗ് ചാർജ്ജ്, ജി.എസ്.റ്റി. അഡ്വാൻസ് ഇ.എം.ഐ. തുടങ്ങിയതുക മുൻകൂർ അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. സെർച്ച് ചെയ്യുമ്പോൾതന്നെ ആളുകൾക്ക് കാണത്തക്ക രീതിയിൽ ഫേക്ക് വെബ്സൈറ്റുകളും ഇത്തരം തട്ടിപ്പുകാർ രൂപകൽപ്പന ചെയ്യുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
അംഗീകാരം ഉളള ധനകാര്യ സ്ഥാപനങ്ങൾ ലോൺ പ്രോസസ്സിംഗിനുമുൻപ് അഡ്വാൻസ് ഫീസ് വാങ്ങാറില്ല. കൂടാതെ പ്രോസസിംഗ് തുക ലോൺ തുകയിൽ നിന്നും കുറവ് ചെയ്ത് ബാക്കി നൽകുന്നു. യഥാർത്ഥ ഉറവിടമല്ലെന്ന് ഉറപ്പ് വരുന്നതു വരെ പണം അടയ്ക്കാതിരിക്കുക.
എസ്.എം. എസ്. / ഇ-മെയിൽ / ഇൻസ്റ്റന്റ് മെസ്സേജിംഗ് / കാൾ സ്കാം :-
തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ എസ്.എം. എസ്. / ഇ-മെയിൽ / ഇൻസ്റ്റന്റ് മെസ്സേജിംഗ് തുടങ്ങിയവ വഴി പ്രചരിപ്പിക്കുന്നു. ഇത് ശ്രദ്ധയിൽപ്പെടുന്ന ആളുകൾ ആ നമ്പരിൽ വിളിക്കുന്നതോടെ ആധാർനമ്പരിന്റെയും, പാൻ കാർഡിന്റെയും ചില വിവരങ്ങൾ ഷെയർ ചെയ്ത് നമ്മുടെ കൂടുതൽ വിവരങ്ങൾ ചോർത്തി പണം നഷ്ടപ്പെടുത്തുന്നു. പല നമ്പരുകളിൽ നിന്നും ആളുകളെ വിളിക്കുകയും പിന്നീട് ആ നമ്പരുകൾ പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
എസ്.എം. എസ്. / ഇ-മെയിൽ / ഇൻസ്റ്റന്റ് മെസ്സേജിംഗ് വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. സംശയകരമായ സ്രോതസ്സുകളിൽ നിന്നുളള മെസ്സേജുകൾ അവഗണിക്കുക. ടെലഫോൺ / ഇ-മെയിൽ മുഖാന്തിരം ലഭിക്കപ്പെടുന്ന ലോൺ ഓഫറുകൾ സ്വീകരിക്കാതിരിക്കുക. ഓൺലൈൻ പണം നൽകുന്നതിനുമുൻപ് മറ്റു സ്രോതസ്സുകൾ വഴി വിശ്വാസ്യത ഉറപ്പുവരുത്തുക.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും സോഷ്യൽ മീഡിയ സൈറ്റുകളും ഇന്റർനെറ്റ് സേവനങ്ങളും ഉപയോഗിക്കുമ്പോഴും മേൽപ്പറഞ്ഞ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും സൈബർ ക്രൈമുകളുടെ ഇരയാകാതിരിക്കുന്നതിന് ജാഗ്രത പാലിക്കേണ്ടതുമാണ്. സൈബർ ക്രൈം ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി മറ്റ് സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുളള വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വരുംദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.