ഡൽഹി:ട്വിറ്റര്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു പിന്നാലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും ജീവനക്കാരെ പിരിച്ചുവിടുന്നു.
ആദ്യഘട്ടത്തില്‍ 380 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് കഠിനമായ തീരുമാനമെടുക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ”പുനര്‍നിര്‍മാണ പരിശീലനത്തിന്റെ ഭാഗമായി ഞങ്ങളുടെ ടീമിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ് ഞങ്ങള്‍ നടപ്പാക്കുന്നത്. ഇതിലൂടെ കടന്നുപോകേണ്ടി വന്നതില്‍ നിങ്ങളോട് ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു”-സി.ഇ.ഒ ശ്രീഹര്‍ഷ മജെറ്റി ഇന്ന് രാവിലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറഞ്ഞു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ കുറക്കാനാണ് കമ്പനി തീരുമാനിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2022 നവംബറില്‍ സൊമാറ്റോ അവരുടെ 3,800 തൊഴിലാളികളില്‍ മൂന്നു ശതമാനം പേരെ പിരിച്ചുവിട്ടിരുന്നു.
നിലവില്‍ സ്വിഗ്ഗി ജീവനക്കാര്‍ കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. ഓഹരികളുടെ മോശം പ്രകടനം മൂലം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകള്‍ സെബിയില്‍ ഫയല്‍ ചെയ്യുന്നതിനും കാലതാമസമുണ്ടാക്കി. കമ്പനിയുടെ വിതരണ തൊഴിലാളികളും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 1617 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 3,628.90 കോടി രൂപയായി.