തിരുവനന്തപുരം: ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേല്‍ ആറ് മാസത്തിനകം തീര്‍പ്പുണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
ആയിരത്തോളം ജീവനക്കാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചും സ്ഥല പരിശോധനക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയും പരമാവധി അപേക്ഷകളിന്മേല്‍ തീരുമാനം എടുക്കും. ഇതു സംബന്ധിച്ച ഉത്തരവ് പു റപ്പെടുവിച്ചതായും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബമിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
സാങ്കേതികതയില്‍ കുരുങ്ങി കിടക്കാതിരിക്കാന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യാനായി നിയമത്തിനുള്ളില്‍ നിന്നു കൊണ്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കുവാന്‍ റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനുവരി 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കാന്‍ കഴിയാവുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ ഓരോ ആര്‍.ഡി.ഒ ഓഫീസുകളിലുമുള്ള അപേക്ഷകള്‍ എക്‌സല്‍ ഷീറ്റിലേക്ക് മാറ്റി ഓരോ വില്ലേജുകളിലേയും പരിശോധനാ രേഖകള്‍ പ്രത്യേകമായി രേഖപ്പെടുത്തും. വില്ലേജുകളിലെ പരിശോധനക്കായി സമയക്ലിപ്തത നിജപ്പെടുത്തും.
വില്ലേജുകളില്‍ നിന്നുള്ള സ്ഥല പരിശോധനയ്ക്കായി 100 അപേക്ഷകളില്‍ കൂടുതലുള്ള വില്ലേജുകള്‍ക്ക് ഒരു വാഹനം എന്ന നിലയില്‍ 6 മാസത്തേക്ക് വാഹന സൗകര്യം നല്‍കും. പരിശോധനക്ക് ശേഷം അദാലത്തുകളിലൂടെ തരം മാറ്റ നടപടികള്‍ വേഗതയും ഒപ്പം സുതാര്യതയും ഉറപ്പു വരുത്തും. തരം മാറ്റവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന അനഭിലഷണീയമായ എല്ലാ പ്രവണതകളും ശക്തമായി ഇടപ്പെട്ട് ഇല്ലാതാക്കും. 6 മാസക്കാലം മിഷന്‍ മോഡില്‍ നടത്തുന്ന ഈ പ്രവര്‍ത്തനം ആഴ്ചയിലൊരിക്കല്‍ ജില്ലാ കളക്ടറും മാസത്തിലൊരിക്കല്‍ ലാന്റ് റവന്യു കമ്മീഷണര്‍ വിലയിരുത്തും. ഓണ്‍ലൈന്‍ ആക്കിയ ശേഷം ലഭിച്ചിട്ടുള്ള അപേക്ഷകള്‍ കൃത്യമായി ഇടവേളകളില്‍ മന്ത്രി ഓഫീസില്‍ തന്നെ നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
ഭൂമി തരംമാറ്റല്‍ ജോലികള്‍ക്കായി 18 ജൂനിയര്‍ സൂപ്രണ്ടിന്റേയും, 819 ക്ലര്‍ക്ക്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും, 153 സര്‍വ്വേയരുടേയും അധിക തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. വില്ലേജുകളില്‍ നിലവില്‍ യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ ഫീല്‍ഡ് പരിശോധനക്കായി, 2 വില്ലേജുകളില്‍ ഒരു വാഹനം എന്ന നിലയ്ക്ക്, 680 വില്ലേജുകളില്‍ വാഹനസൗകര്യം അനുവദിക്കും.
ആറ് മാസത്തേക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് മുപ്പത്തിയൊന്ന് കോടി അറുപത്തിയൊന്ന് ലക്ഷത്തി അഞ്ഞൂറ്റി നാല്‍പ്പത് രൂപയാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.