തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവത്തിന് തിരുവനന്തപുരം വേദിയാവും.
2023 ഫെബ്രുവരി 25, 26 തീയതികളില്‍ ഒരുക്കുന്ന ‘സമ്മോഹന്‍’ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ക്യാമ്പസ്സിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ 25ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായിരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലായി പതിനഞ്ചോളം വേദികളിലായാണ് ‘സമ്മോഹനം’ നടക്കുന്നത്.
ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണം സാധ്യമാക്കുന്ന ഭിന്നശേഷി ഉച്ചകോടിയായാണ് ‘സമ്മോഹന്‍’ വിഭാവനം ചെയ്തിരിക്കുന്നത്. കേരളം ആദ്യവേദിയാകുന്നത് കേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കുന്ന വലിയൊരു അംഗീകാരമാണ്.
അപാരമായ കഴിവുകള്‍ ഉള്ളിലുള്ളപ്പോഴും സമൂഹത്തില്‍ പൊതുവില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഭിന്നശേഷി സമൂഹം. സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്താനും അവര്‍ക്ക് തുല്യനീതി ഉറപ്പാക്കാനുമാണ് ‘സമ്മോഹന്‍’ ഉച്ചകോടി. ഭിന്നശേഷി ജനതയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്താനും, സഹതാപത്തിനു പകരം അവരെ ചേര്‍ത്തുപിടിക്കാനും സമൂഹത്തിന് അനുശീലനം നല്‍കുകയെന്നതും ‘സമ്മോഹന്‍’ ലക്ഷ്യമിടുന്നു.
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസിനു കീഴിലുള്ള ഒമ്പത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ‘സമ്മോഹനി’ല്‍ പങ്കെടുക്കും. കലോത്സവത്തിന് മാറ്റുകൂട്ടി, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിമേഖലയിലെ വിശിഷ്ട വ്യക്തികളുടെ കലാപ്രകടനങ്ങളും മെഗാ പരിപാടികളും അരങ്ങേറും.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.