തിരുവനന്തപുരം: ഈ ഓണക്കാലത്ത് വിപുലമായ പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും.
വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്സിഡിയായും നോൺ സബ്സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും.
സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും MRPയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്ലവർ ഓയില്‍ , പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.