കേവലം 20 വർഷം മുൻപ് വരെ പൂവാറുകാർക്കും ചുറ്റുവട്ട പഞ്ചായത്തുകാർക്കും മാത്രമറിയാവുന്ന ഒരു ചെറുഗ്രാമമായിരുന്നു പൂവാർ. അഗസ്ത്യമലനിരകളിൾ നിന്നുത്ഭവിക്കുന്ന നെയ്യാർ അറബിക്കടലിൽ ചെന്ന് ചേരുന്ന പൊഴി പൂവാറിലാണ്. മാർത്താണ്ഡവർമ്മ തൻ്റെ ഒളിവുകാലത്ത് പൂവാർ സന്ദർശിച്ചു എന്നും, ആറ്റിലൂടെ അനവധി കാട്ടുപൂക്കൾ ഒഴുകിവരുന്നതുകണ്ട് ആ ആറിനെ പൂവാറെന്ന് വിളിച്ചെന്നും അങ്ങനെ ആണ് പൂവാറിന് ആ പേര് കിട്ടിയതെന്നും ഒരു തദ്ദേശ കഥയും നിലനിൽക്കുന്നുണ്ട്.
തൊണ്ണൂറുകളുടെ അവസാനം വിൽസൺ എന്നയാൾ വിൽസൺ ബീച്ച് റിസോർട്ട് എന്ന പേരിൽ ഒരു ചെറിയ റിസോർട്ട് ആരംഭിച്ചു. പിന്നീടങ്ങോട്ട് പൂവാർ കണ്ടത് ആരെയും വിസ്മയിപ്പിക്കുന്ന വളർച്ചയാണ്. ഒന്നിന് പുറകെ ഒന്നായി വലുതും ചെറുതുമായ അനവധി റിസോർട്ടുകൾ ആരംഭിച്ചു. മാലിയിലും മറ്റും ഉള്ള ഫ്ലോട്ടിങ് കോട്ടജ് ശൈലിയിൽ പൂവാറിൽ ഫ്ലോട്ടിങ് കോട്ടജ് തുടങ്ങിയത് പൂവാർ ഐലൻഡ് റിസോർട്ട് ആണ്. ഏറെത്താമസിയാതെ കോവളത്തെക്കാളും പ്രാധാന്യം പൂവാറിന് കിട്ടിത്തുടങ്ങി.
നെയ്യാർ അറബിക്കടലിൽ ചേരുന്ന ഭാഗവും AVM കനാൽ നെയ്യാറിൽ ചേരുകയും ചെയ്യുന്ന ഭാഗവും ചേർന്ന് ഒരു ദ്വീപായി രൂപപ്പെട്ടുകിടക്കുന്നു. പൂവാറിലെ റിസോർട്ടുകൾ അധികവും പൂവാറിലെ ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ റിസോർട്ടുകളുടെ നിർമാണത്തിന് സേവനങ്ങൾ നൽകിയിരുന്ന ബോട്ടുടമകൾ ടൂറിസ്റ്റുകൾക്കായി ബോട്ട് സർവീസ് ആരംഭിച്ചത് പൂവാറിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് കാരണമായി.
പൂവാറിലെ ബോട്ടിംഗ് സർവീസ് ആദ്യം ആരംഭിച്ചത് കിങ്ഫിഷർ ബോട്ട് ക്ലബ് ആണ്. പൂവാർ ഐലൻഡ് റിസോർട്ടിലേയും മറ്റും താമസക്കാർക്ക് ഒരു കായൽസവാരി എന്ന പോലെ ആയിരുന്നു തുടക്കം. പിന്നെ പൂവാറിൽ സന്ദർശകർ ബോട്ടിങ്ങിന് മാത്രമായി എത്തിത്തുടങ്ങി. തിരുവനന്തപുരവും കോവളവും സന്ദർശിക്കുന്നവർക്ക് ആ ദിവസം സന്ദർശിക്കാവുന്ന മറ്റൊരിടം എന്നതിൽനിന്നും പൂവാർ മാത്രം നോക്കി വടക്കേഇന്ത്യക്കാരും തമിഴ്നാട്ടുകാരും എത്തിത്തുടങ്ങി. മോട്ടോർബോട്ടും ശിക്കാര എന്ന പേരിൽ വിളിക്കുന്ന മോട്ടോർ ഘടിപ്പിച്ച നാടൻ വള്ളവുമാണ് പ്രധാനമായും പൂവാറിൽ സർവീസ് നടത്തുന്നത്. ആയിരം രൂപ മുതൽ എണ്ണായിരം രൂപ വരെ ഈടാക്കുന്ന ബോട്ട് സർവീസുകൾ പൂവാറിലുണ്ട്. 2014 – ഇൽ ആരംഭിച്ച gaviya.com പൂവാറിലെ ബോട്ടിംഗ് സർവീസുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയത് ബോട്ടിംഗ് സർവീസുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമായി. ഇപ്പോൾ പൂവാറിൽ വിവിധ റിസോർട്ടുകളിലായി വർഷം കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് നടക്കുന്നത്. മുന്നൂറിലധികം ബോട്ടുകൾ പൂവാറിൽ സേവനം നടത്തുന്നു. ആയിരത്തിലധികം പേർ പൂവാറിലെ ടൂറിസം മേഖലയിൽ നേരിട്ടും അല്ലാതെയും തൊഴിൽ ചെയ്യുന്നു. .
ഫോട്ടോ കടപ്പാട് gaviya.com