തിരുവനന്തപുരം: യുവഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയില്‍ ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്‍റെ ഫോണ്‍ സൈബര്‍ പരിശോധനയ്‌ക്ക് നല്‍കാൻ തീരുമാനിച്ച് പോലീസ്.ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് ഫോണ്‍ വിശദമായ പരിശോധനയ്‌ക്ക് നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചെങ്കിലും മെസേജുകളെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് റുവൈസിന്‍റെ ഫോണിലെ വാട്‌സ്‌ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയതിനാല്‍ ഇന്ന് റുവൈസ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
ഒളിവിലായിരുന്ന ഡോ. റുവൈസിനെ കരുനാഗപ്പള്ളിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. റുവൈസിനായി ബന്ധു വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത് പ്രതി ചേര്‍ത്തത്.
ഡോക്ടര്‍ ഷഹാനയെ വിവാഹം കഴിയ്‌ക്കാമെന്ന് റുവൈസ് വാഗ്‍ദാനം നല്‍കിയിരുന്നു. എന്നാല്‍, വിവാഹത്തിലേക്ക് അടുത്തപ്പോള്‍ സ്ത്രീധനം കൂട്ടി ചോദിക്കുകയും വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്യുകയായിരുന്നു. ഇതാണ് ഷഹാന ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.