വെഞ്ഞാറമൂട് : വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ആറു കോടി 20 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമിച്ച പുതിയ വാർഡും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങൾ രോഗീ സൗഹൃദവും പൊതുജന സൗഹൃദവുമായി മാറി. ചികിത്സ പരമാവധി വീകേന്ദ്രീകരിക്കപ്പെടുന്നു. ഒരു രോഗി പോലും പണമില്ലാത്തതിന്റെ പേരിൽ നിസഹായതയോടെ മാറി നിൽക്കാൻ പാടില്ലെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രമെന്ന നിലയിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ തുടർവികസനം സാധ്യമാക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ആരോഗ്യമേഖലയിലെ മികവ് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും ആരോഗ്യ വകുപ്പിനൊപ്പം പ്രാദേശിക സർക്കാരുകൾ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളുടെ ആരോഗ്യമേഖലയുടെ മികവ് കൂട്ടുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെട്ടിടത്തിൽ ഫർണീച്ചറിനും മറ്റ് ഉപകരണങ്ങൾക്കുമായി 70 ലക്ഷം രൂപ അനുവദിച്ച വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി. ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു.
മൂന്ന് നിലകളിലായി 19,960 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ ഒ.പി രജിസ്‌ട്രേഷൻ, നാല് കൺസൽട്ടിങ് റൂമുകൾ, ഫാർമസി, സാമ്പിൾ കളക്ഷൻ റൂം, ഒബ്‌സർവേഷൻ, ഇസിജി റൂം, അത്യാഹിത വിഭാഗം എന്നിവ ഉൾപ്പെടുന്നു. ആദ്യത്തെ നിലയിൽ റെക്കോർഡ് റൂം, മെയിൽ വാർഡ്, നഴ്‌സിങ് സ്‌റ്റേഷൻ, നഴ്‌സിങ് റസ്റ്റ് റൂം, സ്‌റ്റോർ, എക്‌സ്‌റേ ലാബ്, ടെക്‌നീഷ്യൻ റൂം, ചാർജ് റൂം എന്നിവയാണുള്ളത്. രണ്ടാമത്തെ നിലയിൽ കുട്ടികളുടെ വാർഡ്, കൂട്ടിരുപ്പുകാർക്കുള്ള മുറി, സ്റ്റോർ, നഴസിങ് സ്‌റ്റേഷൻ, നഴ്‌സിങ് റൂം. റെക്കോർഡ് റൂം എന്നിവയുമുണ്ട്.
ഓരോ നിലയിലും ജീവനക്കാർക്കായി പ്രത്യേക ശൗചാലയങ്ങളും ആശുപത്രിയിലെത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ലോബികൾ, യാത്രസൗകര്യത്തിനായി ലിഫ്റ്റ്, പുതിയ കെട്ടിടവും പഴയ ആശുപത്രി കെട്ടിടവുമായി ബന്ധിപ്പിക്കുന്ന സ്‌കൈ വാക്ക് എന്നിവയും ഉൾപ്പെടുന്നു.
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ, ജില്ലാ പഞ്ചായത്തംഗം ഷീലാ കുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്തിലെ മറ്റ് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ബീന.എൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ എന്നിവരും പങ്കെടുത്തു.