Sunday, December 22, 2024
Online Vartha
HomeTrivandrum Ruralഗുരുവിന്റെ വഴിയെ ശിഷ്യരും; അവധൂതയാത്രയ്ക്ക് ചന്ദിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗുരുവിന്റെ വഴിയെ ശിഷ്യരും; അവധൂതയാത്രയ്ക്ക് ചന്ദിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Online Vartha
Online Vartha
Online Vartha

അരൂര്‍ : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ ചന്ദിരൂര്‍ ജന്മഗൃഹത്തില്‍ നിന്ന് 2024 മെയ് 1 ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് യാത്ര ആരംഭിക്കുന്നത്.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തില്‍ ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്‌മചാരി ബ്രഹ്‌മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരാണ് യാത്രസംഘത്തിലുണ്ടാവുക.

എഴുപത്തി രണ്ട് വര്‍ഷം ഗുരു നയിച്ച ത്യാഗജീവിതത്തിന്റെ സ്മരണകള്‍ ഉള്‍വഹിക്കുന്ന 25 സ്ഥലങ്ങളിലൂടെയാണ് യാത്ര. പതിമൂന്നാം വയസ്സില്‍ വീടു വിട്ടിറങ്ങിയ ഗുരു ആത്മജ്ഞാനത്തിനുളള വക തേടി കാലടി ആഗമാനന്ദാശ്രമത്തിലെത്തുകയും അവിടെ കുട്ടികളെ താമസിപ്പിക്കുന്നതില്‍ വിലക്കുളളതിനാല്‍ ആലുവ അദ്വൈതാശ്രമത്തിലേക്ക് പോകുകകയും ചെയ്തു. കുമര്‍ത്തുപടിയിലെ കുടുംബക്ഷേത്രവും വഞ്ചിപ്പുരയും എഴുപുന്ന ഭജനമഠവുമെല്ലാം ഗുരുവിന്റെ ധ്യാനകേന്ദ്രങ്ങളായിരുന്നു. അവധൂതയാത്രയിലെ ആദ്യദിനത്തില്‍ ഈ സ്ഥലങ്ങളും ഗുരുവിന്റെ അമ്മയുടെ വീടായ കാര്‍ത്ത്യായനി മന്ദിരവും സന്ദര്‍ശിച്ച് യാത്രസംഘം പ്രാര്‍ത്ഥന നടത്തും.

2 ന് രാവിലെ 7 ന് വര്‍ക്കല ശിവഗിരിയിലെത്തും. പ്രശാന്തഗിരി, പാപനാശം, കടയ്ക്കാവുര്‍ കുഴിവിള ആശ്രമം , ശംഖുമുഖം, വലിയതുറ വഴി ബീമാപളളിയില്‍ തങ്ങും.

മെയ് 3 വെളളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിയിലേക്ക് തിരിക്കും.ഗുരുവിന്റെ അവധൂത കാലത്ത് കൊടിതൂക്കിമല, പത്മനാഭപുരം കൊട്ടാരം, കള്ളിയങ്കാട്ട് നീലി ക്ഷേത്രം, കാട്ടുവാ സാഹിബ് മല, ശുചീന്ദ്രം, മരുത്വാമല എന്നിവിടങ്ങളില്‍ യാത്ര ചെയ്യുകയും തക്കല കോടതി വളപ്പില്‍ അന്തിയുറങ്ങുകയും ചെയ്തിരുന്നു. സത്സംഗങ്ങള്‍ക്ക് വേദിയായ ഈ സ്ഥലങ്ങളിലെല്ലാം അവധൂത യാത്രാ സംഘം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയും സങ്കല്‍പ്പവും നടത്തും.

വൈകുന്നേരത്തോടെ യാത്ര ത്രിവേണിസംഗമത്തിലെത്തും. 4ന് കേന്ദ്രാശ്രമമായ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി പ്രാര്‍ത്ഥനസമര്‍പ്പണത്തോടെ യാത്ര സമാപിക്കും.

ഗുരുവിന്റെ ആദിസങ്കല്‍പ്പലയനദിനമായ നവഒലി ജ്യോതിര്‍ദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകള്‍ ലോകത്തിന് മുന്നില്‍ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിഷ്യപരമ്പര അവധൂതയാത്ര സംഘടിപ്പിക്കുന്നത്. മെയ് 6നാണ് നവഒലി ജ്യോതിര്‍ദിനം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!