പാലക്കാട്: ഐപിഎല്ലില്‍ മിന്നും ഫോമിലാണ് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. സീസണിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ താരത്തിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഭീമന്‍ പെയിന്റിങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പാലക്കാട് സ്വദേശിയായ സുജിത്താണ് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ സഞ്ജു സാംസണിന്റെ വലിയ പെയിന്റിങ് ഒരുക്കിയത്. സുജിത് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ഹായ് ചേട്ടാ’ എന്ന ക്യാപ്ഷനോടെ സഞ്ജു സാംസണെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഔദ്യോഗിക അക്കൗണ്ടുകള്‍ മെന്‍ഷന്‍ ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആവേശം എന്ന ചിത്രത്തിലെ ‘ആഹാ അര്‍മാദം’ എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്