കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. ഒരാഴ്ച മുമ്പാണ് മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയത്.
5 ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ കുട്ടിയുടെ ബന്ധുക്കൾ കൂടിയായ നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രയിൽ നിരീക്ഷണത്തിലുണ്ട്.അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യത തേടുകയാണ് ആരോഗ്യവകുപ്പ്.