കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന 16മത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കുന്ന ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.വോയ്‌സസ്, വിസ്‌പേഴ്‌സ് ആന്റ് സയലന്‍സസ്; ഫിലിംസ് ഓണ്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന ശീര്‍ഷത്തിലുള്ള ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ഡോക്യുമെന്ററി സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ആര്‍.പി അമുദനാണ്. ജാതി, വര്‍ഗം, വംശം, ലിംഗം, ലൈംഗികാഭിമുഖ്യം എന്നിവയുടെ പേരില്‍ കടുത്ത വിവേചനം നേരിടുന്ന മനുഷ്യര്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളുടെ ദൃശ്യരേഖകളാണ് ഇവ.
ദേശീയ അവാര്‍ഡ് ജേതാവായ ഡോ.ശ്വേതാ ഘോഷിന്റെ ‘വി മേക്ക് ഫിലിം’ ഭിന്നശേഷിക്കാരായ ചലച്ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗാത്മകത പ്രകാശിപ്പിക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളുടെ ദുരനുഭവങ്ങള്‍ പകര്‍ത്തുന്നു. നവോമി ജഹാന്‍, ആയുഷി ശ്രീരാംവര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘അവര്‍ ഒഡിസി ഈസ് റെഡ്’ ലൈംഗികത്തൊഴിലാളികളുടെ മക്കളായ 20 യുവതികള്‍ ഒരുമിച്ച് താമസിച്ചുകൊണ്ട് സഹജീവിതത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ കാഴ്ചകള്‍ രേഖപ്പെടുത്തുന്നു. ആസ്‌ത്രേലിയയിലെ കിമ്പര്‍ലിയില്‍ മഴദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ഗുഹാചിത്രങ്ങള്‍ വരയ്ക്കുന്ന തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കഥപറയുകയാണ് ‘നമറലി’. ബ്രസീലില്‍ 2008നും 2016നുമിടയില്‍ നടന്ന കറുത്ത വര്‍ഗക്കാരുടെ വംശഹത്യക്കെതിരായ പ്രതിരോധങ്ങള്‍ പകര്‍ത്തുകയാണ് ‘ജെനോസൈഡ് ആന്റ് മൂവ്‌മെന്റ്‌സ്”. ജ്യോതി നിഷ സംവിധാനം ചെയ്ത ‘ബി.ആര്‍. അംബേദ്കര്‍; നൗ ആന്റ് ദെന്‍’ ഒരു ബഹുജന്‍ ഫെമിനിസ്റ്റ് ചലച്ചിത്രകാരിയുടെ വീക്ഷണകോണിലൂടെ സാമൂഹിക അസമത്വങ്ങളെ ചര്‍ച്ചയ്‌ക്കെടുക്കുന്നു. മധ്യപ്രദേശിലെ സത്വാസില്‍ സമ്പന്ന കര്‍ഷകനുവേണ്ടി അടിമവേല ചെയ്യുന്ന സന്തോഷിന്റെ ജീവിതമാണ് ശോഭിത് ജെയിനിന്റെ ‘ബോണ്ടഡ്’ പകര്‍ത്തുന്നത്. ഒരു ട്രാന്‍സ്മാന്‍ എന്ന നിലയില്‍ തുര്‍ക്കിയില്‍ ഒരു പ്രശസ്ത നടന്‍ നേരിടുന്ന പ്രതിസന്ധികളാണ് ‘ബ്‌ളൂ ഐ.ഡി’യുടെ പ്രമേയം.