മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തമേഖലയായ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനൻ്റ് കേണൽ കൂടിയായ മോഹൻലാൽ സൈനികര്‍ക്കൊപ്പമാണ് എത്തിയത്. ആർമി ക്യാമ്പിലെത്തിയ മോഹൻലാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ കുറിച്ചു.