പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ വിഭവസമാഹരണമാണ് ശാന്തിഗിരി ഫെസ്റ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോത്തൻകോട് തുടക്കമായ ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
വൈവിദ്ധ്യങ്ങള്‍ക്കിടയിലെ ഏകത്വമാണ് ഭാരതത്തിന്റെ പ്രത്യേകത. അതു ഗുരുക്കന്‍മാരിലുടെ നമുക്ക് പകര്‍ന്നുകിട്ടിയതാണ്. വാക്കാണ് സത്യം , സത്യമാണ് ഗുരു , ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന ആദ്ധ്യത്മികകേന്ദ്രമാണ് ശാന്തിഗിരി. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കും.
ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ സത്കര്‍മ്മങ്ങള്‍ക്ക് ആശ്രമം പ്രാധാന്യം നല്‍കുന്നു. അതോടൊപ്പം പരമ്പരാഗത ചികിത്സരീതികളായ ആയൂര്‍വേദത്തിന്റെയും സിദ്ധയുടെയും വളര്‍ച്ചയ്ക്കും ഗവേഷണത്തിനും നല്‍കുന്ന പ്രോത്സാഹനം ഫെസ്റ്റിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടൂ.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് കെ.ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ.ജി.ആർ.കിരൺ, അഡ്വൈസർ സബീർ തിരുമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വൈകുന്നേരം 6 മണിക്ക് ഫെസ്റ്റ് നഗരിയില്‍ എത്തിയ ഗവർണറെ ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടിയാണ് ഗവർണറെ വേദിയിലേക്ക് ആനയിച്ചത്. ഫെസ്റ്റ് നഗരിയിൽ എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലും പണികഴിപ്പിച്ച വേദിയിലാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്. ഉദ്ഘാടനത്തിനു ശേഷം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.
പ്രദർശന വിപണനമേളകൾക്ക് പുറമെ പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോകൾ, വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലി, ജനകീയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ, സാഹിത്യോത്സവം, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നടക്കും.