ഇവിടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റി ഇല്ല എന്ന പേരിൽ ഇനി വീഡിയോ കോൾ ചെയ്യുമ്പോൾ ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഷ്ടപ്പെടേണ്ട. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ ആവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും
‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.
ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വീഡിയോ കോളിൽ തന്നെ മികച്ച എക്സ്പീരിയൻസ് നൽകാനുള്ള ഫീച്ചറുകൾ, ആപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് ഇവ