ചെന്നൈ: ശിവകാർത്തികേയൻ നായകനായി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരന് ആദ്യ ദിനം വന്‍ നേട്ടം. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ഓപ്പണറായിരിക്കുകയാണ് എസ്.കെ പട്ടാള വേഷത്തില്‍ എത്തിയിരിക്കുന്ന ബയോപിക് ചിത്രം. സായി പല്ലവി നായികയായി എത്തിയ ചിത്രം കോളിവുഡിലെ ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ച ദീപാവലി റിലീസായിരുന്നു.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി.
ധനുഷിന്‍റെ രായൺ ജൂലൈയിലെ ആദ്യ ദിനത്തിൽ 13.65 കോടി രൂപയായിരുന്നു ആദ്യ ദിനം നേടിയത്. ഒടുവിൽ തിയേറ്റർ റണ്‍ ഈ ചിത്രം അവസാനിപ്പിച്ചത് ആഗോള കളക്ഷന്‍ 154 കോടി രൂപയ്ക്കായിരുന്നു.
വലിയ തോതിൽ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ പ്രവഹിക്കുന്നതിനാൽ കമല്‍ഹാസന്‍ നിര്‍മ്മിച്ച അമരന്‍ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ അഞ്ച് തമിഴ് ചിത്രങ്ങളിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.