കഴക്കൂട്ടം :ശക്തമായ മഴയിൽ കഴക്കൂട്ടത്ത് ചന്തവിള വാർഡിലെ ഉള്ളൂർക്കോണം പ്രദേശത്തെ അഞ്ചോളം വീടുകളിലും അങ്കണവാടിയിലും വെള്ളം കയറി. ഉള്ളൂർക്കോണം സജീറ മൻസിൽ സജീറയെയും മൂന്ന് കുട്ടികളെയും നീതു ഭവനിൽ ബിന്ദുവിനെയും രണ്ടു കുട്ടികളെയും ഉള്ളൂർക്കോണം സ്വദേശി ശ്രീകുമാറിനെയും കുടുംബത്തെയും വെള്ളം കയറിയതിനെത്തുടർന്ന് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സമീപപ്രദേശത്തെ അഞ്ചോളം വീടുകൾ വെള്ളത്തിലാണ്. ഏക്കർ കണക്കിന് വയലുകൾ ഭൂമാഫിയ സംഘങ്ങൾ വാങ്ങി നീർച്ചാലുകളുൾപ്പെടെ മണ്ണിട്ട് നികത്തിയതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നീർച്ചാലുകൾ നികത്തി ചെറിയ പൈപ്പുകൾ പകരം സ്ഥാപിച്ചു. മഴ ശക്തമായതോടെ വെള്ളം തെറ്റിയാർ തോട്ടിലേക്ക് പോകാതെ സമീപത്തെ വീടുകളിൽ കയറുകയായിരുന്നു. കഴിഞ്ഞ മഴയത്ത് അങ്കണവാടിയുൾപ്പെടെ പല വീടുകളിലും വെള്ളം കയറിയപ്പോൾ വില്ലേജ് ഓഫീസർ ഉൾപ്പെടെ പരിശോധന നടത്തി വേണ്ട നടപടികളെടുക്കാമെന്ന് ഉറപ്പു നൽകി പോയിരുന്നതായി നാട്ടുകാർ പറയുന്നു. അതേസമയം ടെക്നോപാർക്കിലെ സർവീസ് റോഡിൽ വെള്ളം കയറി അതുവഴി പോയ കാർ വെള്ളക്കെട്ടിൽ കുടുങ്ങി. വഴിയാത്രക്കാർ ഉൾപ്പെടെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാർ മാറ്റിയത്.