പോത്തൻകോട് : ശാന്തിഗിരി ഫെസ്റ്റിൽ എത്തിയവർക്ക് വേറിട്ട കാഴ്ചയും അനുഭവവും സമ്മാനിച്ച് ബി.എസ്.എം.എസ് ബിരുദദിനചടങ്ങ്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പതിനാറാം ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദിനമാണ് ഫെസ്റ്റിലെ വ്യത്യസ്തമായ പരിപാടിയായി മാറിയത്. കോളേജ് ആഡിറ്റോറിയത്തിൽ നടത്താനിരുന്ന പരിപാടി ഫെസ്റ്റിന്റെ മെഗാവേദിയിലേക്ക് മാറ്റിയതോടെ ചടങ്ങിന്റെ മാറ്റു കൂടി. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ജനപ്രതിനിധികളും നാട്ടുകാരും എത്തിയതോടെ ഫെസ്റ്റ് മെഗാവേദിയിൽ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വേദിയിലെ എൽ.ഇ.ഡി. വോൾ ദൃശ്യവിസ്മയം തീർത്തു. പരമ്പരാഗതരീതിയിലുളള വേഷവിധാനമാണ് ബിരുദധാരികൾ ചടങ്ങിനായി തെരഞ്ഞെടുത്തത്. അതിനൊപ്പം ബിരുദദിനത്തിന്റെ പേരും ശാന്തിഗിരിയുടെ ലോഗോയും ആലേഖനം ചെയ്ത ഷാൾ കൂടി അണിഞ്ഞതോടെ ശാന്തിഗിരിയിൽ നടന്ന ബിരുദദിനാഘോഷം അക്ഷരാർത്ഥത്തിൽ വർണാഭമായി.
ചടങ്ങിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിർവഹിച്ചു. പ്രതിസന്ധികളിൽ തളരാതെ ദൈവത്തിന്റെ അദൃശ്യകരങ്ങളായി പ്രവർത്തിക്കുന്നവരാണ് ഡോക്ടർമാർ. ഏതു വിഭാഗത്തിലുളള ഡോക്ടർമാരായാലും ചികിത്സാവിഭാഗങ്ങളെ പഴിചാരാതെ മുന്നോട്ട് പോകണം. സകലവിധ ശാസ്ത്രങ്ങളെയും ആദരിച്ചും ആദരിപ്പിച്ചും സ്‌നേഹിച്ചും ബഹുമാനിച്ചും കൊണ്ടുളള ഒരു നവആരോഗ്യധർമ്മ സിദ്ധാന്തം ലോകത്ത് സ്ഥാപിക്കപ്പെടണമെന്നാണ് ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്തതെന്നും സ്വാമി പറഞ്ഞു.
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.കെ.സൌന്ദരരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ആർ.സഹീറത്ത് ബീവി, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രൻ, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ശ്രീകുമാർ. റ്റി.ഡി, പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണകേന്ദ്രം റിസർച്ച് ഓഫീസർ ഡോ.എസ്. നടരാജൻ, ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി, തിരുവനന്തപുരം ഡി.സി.സി മെമ്പർ പൂലന്തറ.കെ. കിരൺദാസ്,വൈസ് പ്രിൻസിപ്പാൾ ഡോ.പി.ഹരിഹരൻ, സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.എ.സ്മിത, അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഇൻ-ചാർജ് ഡോ.ശ്രദ്ധസുഗതൻ, പ്രൊഫ. ഡോ.ജെ.നിനപ്രിയ, പ്രൊഫ.ഷീജ.എൻ, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ്.എം.പി, അദ്ധ്യപക രക്ഷകർതൃസമിതി പ്രസിഡന്റ് ഹൻസ്രാജ്.ജി.ആർ, ആർ, രാജശേഖരൻ, പതിനാറാം ബി.എസ്.എം.എച്ച് ബാച്ച് പ്രതിനിധി ഡോ.അനഘ.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബിരുദചടങ്ങിന് ശേഷം വിധുമോഹന്റെ നേതൃത്വത്തിലുളള മ്യൂസിക്കൽ ബാൻഡും നീലപ്പട ചെണ്ടമേളം സംഘവും ചേർന്ന് അവതരിപ്പിച്ച ‘ചെണ്ട മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്’ വ്യത്യസ്തമായ സംഗീതസന്ധ്യ സമ്മാനിച്ചു. നീലപ്പടയുടെ പതിനഞ്ച് ചെണ്ട കലാകാരൻമാർക്കൊപ്പം വിധുവിന്റെ വയലിൻ, അശ്വിൻ പ്രിൻസിന്റെ ഗിത്താർ, അലൻ ഷാജന്റെ കീ ബോർഡ്,മനു.എസ്. പങ്കജിന്റെ വോക്കൽ എന്നിവയുടെ ഫ്യൂഷനും ചേർന്നപ്പോൾ ഫെസ്റ്റിൽ അരങ്ങേറിയത് അപൂർവ സംഗീതരാവ്. മേളവും പാട്ടും മാറ്റുരച്ച വേദിയിൽ രണ്ട് മണിക്കൂർ ആരാധകർ നൃത്തവും കയ്യടികളുമായി ഒപ്പം ചേർന്നു.