ആറ്റിങ്ങൽ: നോട്ടിരട്ടിപ്പ് സംഘത്തിലെ 3 പേരെ പിടികൂടി ആറ്റിങ്ങൽ പോലീസ് കള്ള നോട്ട്, കുഴൽപ്പണ, പിടിച്ചുപറി, വധശ്രമ കേസുകളിലെ പ്രതികളാണ് ഇവർ. പള്ളിപ്പുറം തലയ്ക്കാണം എസ്.ജെ. മൻസിലിൽ മുഹമ്മദ് ഷാൻ (34), കൊല്ലം കുന്നത്തൂർ മാനാമ്പുഴ ചന്ദ്രവിലാസത്തിൽ ചന്ദ്രബാബു ( 62), കൊല്ലം ആയൂർ നീരായിക്കോട് ചരുവിള പുത്തൻ വീട്ടിൽ ഗീവർഗ്ഗീസ് (58) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ചിറ്റാറ്റിൻകര എം.ജി റോഡിൽ ജൂവലറി നടത്തുന്ന ശ്യാം സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ആറ്റിങ്ങലിലുള്ള തന്റെ സുഹൃത്ത് വഴി നോട്ടിരട്ടിപ്പിനായാണ് മുഹമ്മദ് ഷാനിനെ ബന്ധപ്പെടുന്നത്. 2 ലക്ഷം രൂപ നൽകിയാൽ 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് വിവരം. മുഹമ്മദ് ഷാൻ ജയിലിൽ വച്ച് പരിചയപ്പെട്ട ചന്ദ്രബാബുവിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ചന്ദ്രബാബു അടൂരിൽ വച്ച് ശ്യാമിൽ നിന്നും ആദ്യം 80,000 രൂപ വാങ്ങുകയും അന്നുതന്നെ കറുത്ത കാർബൺ ഫിലിം ഒട്ടിച്ച 500 രൂപ നോട്ട് കുറച്ച് രാസവസ്തുക്കളുടെ സഹായത്താൽ കഴുകിയെടുത്ത് യഥാർത്ഥ നോട്ടാക്കി കാണിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ തുക നൽകാമെന്ന് ശ്യാം അറിയിച്ചു. തുടർന്ന് 1,20,000 രൂപ കൂടി നൽകി. ഇത്തരത്തിൽ ഡോളറും മാറ്റിയെടുക്കാമെന്ന് വിശ്വസിപ്പിച്ച് ചന്ദ്രബാബുവും, മുഹമ്മദ് ഷാനും, ഗീവർഗ്ഗീസും ശ്യാമിൽനിന്നും കൂടുതൽ പണം ആവശ്യപ്പെട്ടു.
എന്നാൽ ശ്യാം കൂടുതൽ തുകയ്ക്കായി ഒരു സുഹൃത്തിനോട് അവശ്യപ്പെടുകയും നോട്ട് ഇരട്ടിപ്പിനെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. വിവരമറിഞ്ഞ സുഹൃത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. ഇവരിൽനിന്നും രാസവസ്തുക്കളും നോട്ടിന്റെ ആകൃതിയിൽ മുറിച്ച കറുത്ത പേപ്പറുകളും 70000 രൂപയും കണ്ടെത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ ജി.ഗോപകുമാർ, എസ്.ഐ. ജിഷ്ണു, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം ഗ്രേഡ് എസ്.ഐ ദിലീപ്, എ.എസ്.ഐ രാജീവൻ, എസ്.സി.പി.ഒമാരായ അനിൽകുമാർ, അരുൺകുമാർ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.