മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ഹലോ മമ്മി. വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 21 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സക്സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് എത്തിയിരിക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട് ചിത്രം. ഇടവേളയ്ക്ക് ശേഷം ഷറഫുദ്ദീന്‍റെ ചിരിപ്പിക്കുന്ന വേഷമാണ് ഹലോ മമ്മിയിലെ ബോണി. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെയും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ സ്റ്റെഫി. ഇരുവരുടെയും പ്രകടനങ്ങള്‍ക്ക് പ്രേക്ഷകരുടെ വലിയ കൈയടി ലഭിക്കുന്നുണ്ട്. റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം മികച്ച അഭിപ്രായങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഹാങ്ങ് ഓവർ ഫിലിംസ്, എ ആൻഡ് എച്ച് എസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.
സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.