തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു മാസക്കാലം കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച മടക്ക യാത്ര’.സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനാലാണ് തിരുവനന്തപുരം വിടുന്നത് . ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു കൊണ്ടുപോകും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചു.ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ദിവസങ്ങൾ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായത്.
വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലയറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്നു പുറത്തിറക്കി എൻജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പരീക്ഷണ പറക്കലിനുളള അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് ജോലികൾ പൂർത്തിയാക്കി വിദഗ്ധ സംഘംമടങ്ങും.
അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങൾ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടണിന്റെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനം എത്തിയായിരിക്കും സംഘത്തെ മടക്കിക്കൊണ്ടു പോകുക. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് ജൂൺ 14-ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്.