തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന് കളമൊരുങ്ങിമ്പോൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതിയ LED ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 15 ന് രാത്രി ഏഴ് മണിക്ക് നടക്കും. പഴയ മെറ്റൽ ഹലയ്ഡ് ഫ്‌ളഡ് ലൈറ്റുകൾ മാറ്റിയാണ് ആധുനിക സാങ്കേതികവിദ്യയോട് കൂടിയുള്ള പുതിയ എൽഇഡി ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിച്ചത്. ഡിഎംഎക്സ് കൺട്രോൾ സിസ്റ്റമാണ് പ്രധാന സവിശേഷത. ഇത് ഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം ശതമാനം മുതൽ 100% വരെ കൃത്യമായി നിയന്ത്രിക്കാനാകും.
കൂടാതെ, ഫേഡുകൾ, സ്ട്രോബുകൾ പോലുള്ള ലൈറ്റിംഗ് സ്‌പെഷ്യൽ ഇഫക്ടുകൾ സാധ്യമാണ്. സംഗീതത്തിനനുസരിച്ച് ലൈറ്റുകൾ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങൾക്കും ഈ സംവിധാനം സഹായിക്കും. ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ്.