തിരുവനന്തപുരം: പാലോട് മടത്തറയിൽ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പാലോട് മടത്തറ വേങ്കൊല്ല വനം വകുപ്പ് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.അവധിദിനത്തില്‍ തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന തിരുമല കൈരളി നഗറില്‍ രാമമംഗലം ബംഗ്ലാവില്‍ ആദർശ്(26) മരിച്ചത്. കാർ ഡ്രൈവർ തമിഴ്നാട് കടയനല്ലൂർ സ്വദേശി അബ്ദുല്‍ഖാദറിനെയാണ് കസ്റ്റഡിയിലെടുത്തത്.