ആറ്റിങ്ങൽ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ വച്ചാണ് ബസിന് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ നിറയെ ആളുണ്ടായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് ഡ്രൈവർ ദേശീയപാതയിൽ ബസ് നിർത്തി.
മുഴുവൻ യാത്രക്കാരെയും ഉടൻ തന്നെ സുരക്ഷിതമായി പുറത്തിറക്കി. ബസിലെ മൊബൈൽ സോക്കറ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു