തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ താരം മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നത് അദ്ദേഹത്തിൻ്റെ പതിവാണ്. പുതിയ സിനിമയുടെ പ്രൊമോഷനും മറ്റ് പൊതുപരിപാടികളുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്.ഏതൊരു വിശ്വാസിയെയും തിരുവനന്തപുരത്തുകാരനെയും പോലെ പത്മനാഭസ്വാമി തനിക്ക് ഒരു വികാരമാണെന്ന് മോഹൻലാൽ പറഞ്ഞു. മുറജപ ലക്ഷദീപ വിളംബരം സ്വീകരിക്കാൻ തന്നെ ക്ഷണിച്ചത് സന്തോഷമല്ല, ഒരു സുകൃതമായി കരുതുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ചടങ്ങുകളും ആഘോഷങ്ങളും കണ്ടാണ് തൻ്റെ കുട്ടിക്കാലം വളർന്നതെന്നും അദ്ദേഹം ഓർമിച്ചു.
. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ് മോഹൻലാലിന് വിളംബര പത്രിക കൈമാറിയത്. കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മുറജപത്തിൻ്റെ സമാപന ദിവസമായ മകരസംക്രാന്തി ദിനത്തിൽ, ജനുവരി 14ന് ശീവേലിയോടെയാണ് ചടങ്ങുകൾ സമാപിക്കുക. അന്ന് ക്ഷേത്രവും പരിസരവും ലക്ഷക്കണക്കിന് ദീപങ്ങൾകൊണ്ട് അലങ്കരിച്ച് വലിയ ആഘോഷമായി ഇത് കൊണ്ടാടുന്നു.