തിരുവനന്തപുരം: നെഞ്ചുവേദനയുമായി ജനറൽ ആശുപത്രിയിൽ എത്തിയ രോഗിയെ ഐസിയുവിൽ എത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി ആർഎംഒ ഡോ.ജയകുമാർ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജനറൽ ആശുപത്രിയിൽ നെഞ്ച് വേദനയെ തുടർന്ന് രോഗിയെത്തിയത്.. ഇസിജി – രക്തപരിശോധനകളിൽ ഗുരുതരമായ വ്യതിയാനം കണ്ടതോടെയാണ് ഡോക്‌ടർമാർ അടിയന്തരമായി ഐസിയുവിലേക്കു മാറ്റാൻ തീരുമാനിച്ചത്.
പക്ഷെ ഇതേസമയം ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസ് രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയിരുന്നതിനാൽ ആംബുലൻസിന് വേണ്ടിയുള്ള തിരച്ചിലായി . ഇതിനിടെ രോഗിയുടെ അവസ്ഥ ഗുരുതരമാകുന്നുവെന്നു കണ്ടതോടെയാണ് സ്ഥലത്തുണ്ടായിരുന്ന ആർഎംഒ രംഗത്തിറങ്ങിയത്. ആശുപത്രി 9-ാം വാർഡിൽ ഒരു സന്നദ്ധ സംഘടന നൽകിയ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന്‍റെ ഡ്രൈവർ പക്ഷേ ഉണ്ടായിരുന്നില്ല. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഈ ആംബുലൻസ് ഓടിക്കാൻ ആർഎംഒ ജയകുമാർ തയാറാകുകയായിരുന്നു.
സംഭവം മുൻ കൗൺസിലർ ഐ.പി.ബിനുവിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തറിയുന്നത്. പോസ്റ്റ് വൈറലായതോടെ ആർഎംഒയുടെ ഇടപടലിനെ അനുകൂലിച്ചും അദ്ദേഹത്തെ അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.