തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ അനധികൃതമായി വൻതോതിൽ മാലിന്യം തള്ളിയ സംഭവത്തിൽ റെയിൽവേക്കെതിരെ തിരുവനന്തപുരം നഗരസഭ നടപടി കർശനമാക്കുന്നു. ക്യാമ്പസിനുള്ളിലെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന റോഡിൻ്റെ വശങ്ങളിലായാണ് ഇരുപത്തിയഞ്ചിലധികം ലോഡ് മാലിന്യം റെയിൽവേ അധികൃതർ ഉപേക്ഷിച്ചത്.
ട്രെയിനുകളിലെ എസി കമ്പാർട്ട്മെൻ്റുകളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, റെയിൽ നീർ കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് എന്നിവയാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുകയും ഇത് കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങൾ തരംതിരിച്ച് പരിശോധിച്ചപ്പോഴാണ് ഇത് റെയിൽവേയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് റെയിൽവേക്കെതിരെ കേസെടുക്കുമെന്ന് നഗരസഭ അറിയിച്ചു. കൂടാതെ, സംഭവത്തിൽ കഴക്കൂട്ടം പോലീസിൽ പരാതി നൽകാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.






