തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെ പേരിൽ സിനിമ നടി ശ്രീലേഖ മിത്ര ഉന്നയിച്ച ദുരനുഭവം കേട്ടില്ലെന്ന് നടിക്കുന്ന പിണറായി വിജയൻ സർക്കാർ അധികാരത്തിൽ തുടരാൻ ഒരു നിമിഷം പോലും അർഹരല്ലെന്ന് ഐക്യ മഹിളാസംഘം സംസ്ഥാന പ്രസിഡൻ്റ് സി. രാജലക്ഷ്മി പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞാണ് പിണറായി സർക്കാർ വന്നത്. എന്നിട്ട് സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത ഒരു നാടായി കേരളം മാറുന്നുവെന്ന് മാത്രമല്ല വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പ്രധാന ഭാഗം പൂഴ്ത്തി വച്ചാണ് അത് പുറത്തുവിട്ടത് . സിനിമയിലെ പവർ ഗ്രൂപ്പ് തന്നെയാണോ ഈ സർക്കാരിനെയും നിയന്ത്രിക്കുന്നതെന്ന് സി. രാജലക്ഷ്മി ചോദിച്ചു.
സെക്രട്ടറിയേറ്റ് നടയിൽ നടന്ന ഐക്യ മഹിളാ സംഘം പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി. രാജലക്ഷ്മി.സ്ത്രീകളുടെ കണ്ണീർ വീണ് അതിൻ്റെ ശാപം പിണറായി സർക്കാരിനുണ്ടാവുമെന്ന് ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം കെ. സിസിലി പറഞ്ഞു. വനിത മതിൽ സംഘടിപ്പിച്ച ഈ സർക്കാരിന് എപ്പോഴും സ്ഥാപിത താല്പര്യങ്ങൾ മാത്രമെയുള്ളു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ട്. അത് തിരിച്ചറിയാത്ത പിണറായി വിജയൻ സി പി എമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാണെന്നും കെ.സിസിലി പറഞ്ഞു.സെക്രട്ടറി മുംതാസ്, അമ്മിണി വർഗ്ഗീസ്, ജയലക്ഷ്മി, ഗ്രേസ് മെർലിൻ, സാബിറ കെ. ഇ, സോഫിയ സലിം, മിനി ജോൺസൺ , ഷാഹിദ ഷാനവാസ് എന്നിവർ സംസാരിച്ചു






