അല്ലു അര്‍ജുൻ്റെ ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിൻ്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 1.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ അടക്കമുള്ള അഭിനേതാക്കളൊന്നുമില്ല. മറിച്ച് അല്ലു അര്‍ജുന്‍ മാത്രമാണ് ഉള്ളത്. രാത്രി നടക്കുന്ന ഒരു ആക്ഷന്‍ സീക്വന്‍സ് ആണ് ടീസറില്‍. അല്ലു അര്‍ജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലും.സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം സുകുമാര്‍ റൈറ്റിംഗ്സുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലിനുമൊപ്പം രശ്മിക മന്ദാന, ധനുഞ്ജയ്, റാവു രമേശ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള്‍ സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് പുഷ്പ. മികച്ച നടനുള്ള പുരസ്കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു. അതേസമയം ഓഗസ്റ്റ് 15 നാണ് പുഷ്പ 2 ന്‍റെ റിലീസ്.