തൃശ്ശൂർ : ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയിൽ രോഗിയുമായി വന്ന ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കുന്ന എ എസ് ഐ അപർണ ലവകുമാറിന്റെ വീഡിയോ വൈറൽ. തൃശൂർ കോലോത്തും പാടത്ത് അശ്വിനി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
മുൻപ് ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച വീട്ടുകാർക്ക് പണയംവയ്ക്കാൻ സ്വന്തം വളയൂരി നൽകിയ അപർണ വാർത്തകളിൽ ഇടംനേടിയിരുന്നു. മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയതിലൂടെയും അപർണ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തരവാദിത്തങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഇപ്പോഴും അപർണ.
ശനിയാഴ്ച ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നിൽനിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്