തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ ഉറച്ച നിലപാടുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടിലാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. എന്നാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു. രാജ്ഭവനിലെ ചടങ്ങുകളിൽ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. സത്യപ്രതിജ്ഞ ഉൾപ്പടെ രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഇനി എങ്ങനെ പങ്കെടുക്കും എന്ന് സർക്കാരനും ആശയക്കുഴപ്പമുണ്ട്. രാജ്ഭവനിലെ പരിപാടികൾക്ക് കൃത്യമായ പ്രോട്ടോക്കോൾ സർക്കാർ നിർദ്ദേശിക്കണമെന്ന് പരിസ്ഥിതി ദിനാഘോഷ വിവാദത്തിന് പിന്നാലെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല. അതേസമയം, വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിക്കലുമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാജഭവൻ