വലിയതുറ : തിരുവനന്തപുരം ജില്ലയിൽ ബീമാപള്ളിക്കും ശംഖുമുഖത്തിനും സമീപമുള്ള കടലോരദേശമാണ് വലിയതുറ. തിരുവനന്തപുരത്തുനിന്ന് 10 കിലോമീറ്റർ ദൂരെയാണിത്. ഒരു കാലത്ത് പടിഞ്ഞാറൻ തീരത്തുള്ള ഏക തുറമുഖം ഇതായിരുന്നു. ഇപ്പോൾ ഇത് ഒരു മത്സ്യബന്ധന ,തുറമുഖമായാണ് കണക്കാക്കപ്പെടുന്നത്.
ഇനി ചരിത്രം
വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന നിലയിൽ വലിയതുറ വളരെക്കാലം മുൻപേ പ്രസിദ്ധമായിരുന്നു. വലിയതുറ കടൽപ്പാലം 1825-ലാണ് (കൊ.വ 1000) പണി കഴിപ്പിച്ചത്. കപ്പലുകൾ നൂറ്റാണ്ടുകൾക്ക് മുൻപ് മുതലേ ഇവിടെ അടുത്തിരുന്നതായി രേഖകളുണ്ട്. അക്കാലത്ത് യാത്രാ സൗകര്യം കുറവായിരുന്നതിനാൽ വിഴിഞ്ഞം തുറമുഖത്തേക്കാൾ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വലിയതുറയെ ആശ്രയിച്ചിരുന്നിരിക്കാനാണ് സാധ്യത. വലിയതുറ പാലം പണികഴിപ്പിക്കുന്നതിന് മുമ്പും ആ ഭാഗത്ത് കപ്പൽ അടുത്തിട്ടുണ്ടാവണം. ഭൂമിയുടെ കിടപ്പനുസരിച്ച് ചില പ്രത്യേക സ്ഥലങ്ങളിൽ കപ്പൽ അടുക്കാറുണ്ടായിരുന്നു. പോക്കുമൂസാ മുതലാളിയുമൊന്നിച്ചു കൊട്ടാരത്തിലെത്തിയ ഇളംപ്രായക്കാരനായ കേശവദാസൻ കൊട്ടാരത്തിൽ കിടന്ന് ഉറങ്ങിപ്പോയി. രാജാവ് രാവിലെ കേശവദാസനെ കണികാണാൻ ഇടയായി. ശകുനം മോശമായതിനാൽ കേശവദാസനെ തടങ്കലിലാക്കി. സാധനങ്ങൾ നിറച്ച ഒരു കപ്പൽ തുറമുഖത്തടുത്തു എന്ന വാർത്ത മഹാരാജാവിനെ സന്തുഷ്ടനാക്കി. കണി കണ്ട ഫലം അനുകൂലമായതിനാൽ സന്തോഷവാനായ രാജാവ് കേശവദാസന് ഒരു ഉദ്യോഗം നൽകുകയുണ്ടായി. പിൽക്കാലത്ത് ഇദ്ദേഹം രാജാ കേശവദാസനെന്ന പേരിൽ പ്രസിദ്ധനായി തീരുകയും ചെയ്തു. ഇതിന് സാക്ഷ്യം വഹിച്ച തുറമുഖം വലിയതുറ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശംഖുമുഖം പാലം പണിയിച്ചത് 1000-ാമാണ്ടിലാണെന്ന് രേഖയുണ്ട്. വലിയതുറ പാലം എന്നല്ലാ ശംഖുമുഖം പാലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1013-ൽ ഉത്രം തിരുനാൾ മഹാരാജാവ് ശംഖുമുഖത്ത് എഴുന്നള്ളുമ്പോൾ വലിയതുറയിൽ ഒരു കപ്പൽ കാണുകയുണ്ടായി. എന്തോ അപകടം സംഭവിച്ചതായി ഗ്രഹിച്ച രാജാവ് കപ്പലിലേക്ക് ആളെ അയച്ചു. വിക്ടോറിയാ രാജ്ഞിയുടെ ജൂപ്പിറ്റർ എന്ന യുദ്ധക്കപ്പൽ ആയിരുന്നു അത്. സിലോണിലേക്ക് ഓടിച്ചു പോകൂംവഴി സംഭരണിയിലെ ജലം തീർന്നു പോയി എന്നാണ് കരുതപ്പെടുന്നത്. ജലം എത്തിച്ചു കൊടുക്കുകയും പിതാവിനോടൊപ്പം രാജാവ് കപ്പൽ സന്ദർശിക്കുകയും ചെയ്തു. ഇതിൽ നിന്നും ഉത്രം തിരുനാളിന്റെ കാലത്ത് വലിയതുറ പാലം ഉണ്ടായിരുന്നതായി കരുതാം. ഗൗരീപാർവ്വതീ ബായിയുടെ കാലത്താണ് പരവൂർകായലിനേയും കൊല്ലം കായലിനേയും ബന്ധിപ്പിക്കുന്ന തോടും തിരുവനന്തപുരത്തെ കഠിനംകുളം കായലിനോട് ബന്ധിപ്പിക്കുന്ന മറ്റൊരു തോടും വെട്ടിച്ചത്. 999-ൽ തുടങ്ങിയ ഈ പണികൾ മൂന്നു വർഷം കൊണ്ടു പൂർത്തിയായി. ഇതിനോടനുബന്ധിച്ചായിരിക്കണം വലിയതുറ പാലത്തിന്റെയും പണി പൂർത്തിയാക്കിയത്. പണ്ട് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു ഇത്. 1947 നവംബർ 23-ന് എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കുകപ്പൽ കപ്പൽപ്പാലത്തിലിടിച്ച് പാലം തകരുകയും നിരവധിപേർ മരിക്കുകയും ചെയ്തതിനെത്തുടർന്ന് ചരക്കു കടത്തൽ നിലച്ചു. പിന്നീട് 1956-ലാണ് ഇന്നുള്ള കടൽപ്പാലം നിർമിച്ചത്
വലിയതുറ പാലം അപകടാവസ്ഥയിലായതുകൊണ്ട് തുറമുഖവകുപ്പ് സന്ദർശനം നിരോധിച്ചുകൊണ്ട് പലത്തിന് സമീപത്ത് പരസ്യപലക സ്ഥാപിച്ചിട്ടുണ്ട്. എന്നാലും നിരവധി സന്ദർശകരും മീൻപിടുത്തക്കാരും പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പാലം സംരക്ഷിക്കാൻ വലിയതുറ ഇടവകയുടെയും മറ്റു സംഘടനകളുടെ നേതൃത്വത്തിൽ ഒരുപാട് ശ്രമങ്ങൾ നടത്തി.. മാറിവന്ന സർക്കാരുകൾ മുഖവിലെക്കെടുത്തില്ല… 2024 മാർച്ച് എട്ട് രാവിലെയോടെ വലിയതുറപാലം ഓർമ്മയായി..