വർക്കല: ഓട്ടോ ഡ്രൈവറെ കൂലി ചൊല്ലിയുളക്ക തർക്കത്തെ തുടർന്ന് സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സ്വകാര്യ റിസോർട്ട് ഉടമ നിയാസ് ഷുക്കൂറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ കുരയ്ക്കണ്ണി സ്വദേശി സുനിൽകുമാർ വർക്കല പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസെടുത്തതായി വർക്കല പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 19ന് ഉച്ചയോടെ വർക്കല പാപനാശം കൊച്ചുവിളമുക്ക് ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് സംഭവം.
വര്‍ക്കല പാപനാശം കൊച്ചുവിള ജങ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ വാഹനവുമായി സവാരി കാത്തുകിടക്കവേ കാറില്‍ എത്തിയാണ് പ്രതി സുനിലിനെ ആക്രമിച്ചത്. കാറിലെത്തിയ നിയാസ് ഓട്ടോക്കൂലി തർക്കവുമായി ബന്ധപ്പെട്ടാണ് സുനിൽകുമാറിനെ മർദ്ദിക്കുകയായിരുന്നു. സുനിർകുമാർ അമിതകൂലി വാങ്ങി എന്നാരോപിച്ചായിരുന്നു തർക്കം. സുനില്‍കുമാറിന്റെ വാഹനത്തില്‍ സവാരി പോയതിന് 100 രൂപ കൂലി വാങ്ങിയെന്നും ഇത് കൂടുതലാണെന്നും പറഞ്ഞ് ഇരുവരും തമ്മിഷ വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യേറ്റത്തിലേക്ക് പോകുകയായിരുന്നു.
കാറിൽ നിന്നും നിയാസ് ഇറങ്ങിവന്ന് സുനിലുമായി സംസാരിക്കുന്നതും പിന്നാലെ സുനിൽ വാഹനത്തിൽ നിന്നും ഇറങ്ങി കാറിന് സമീപത്തെത്തുന്നതും തുടർന്ന് നിയാസ് സുനിലിനെ കയ്യേറ്റം ചെയ്യുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിയാസിനെ തിരിച്ചറിയാമെന്നും ഒപ്പമുണ്ടായിരുന്നവരെ അറിയില്ലെന്നുമാണ് സുനിൽ പൊലീസിനോട് പറഞ്ഞത്.