കൊച്ചി: മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് ഇന്ന് എത്തും. ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് നേരത്തെ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. പുതിയ അപ്ഡേറ്റ് പ്രകാരം ഡിസംബര്‍ 4 ബുധനാഴ്ച വൈകീട്ട് ഏഴിന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങും. ഗൗതം വാസുദേവ് മേനോൻ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’.
മമ്മൂട്ടിക്ക് പുറമേ വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ ഴോണര്‍ സംബന്ധിച്ച് നേരത്തെ നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ടീസറിലൂടെ അത് വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ . കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രം ചിത്രീകരിച്ചത്. ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.