തിരുവനന്തപുരം: ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1964-ൽ കൊല്ലം ജില്ലയിൽ പരമേശ്വരൻ പിള്ള – ചിന്നമ്മ ദമ്പതികളുടെ മകളായാണ് കനകലതയുടെ ജനനം. കൊല്ലം ഗവൺമെൻ്റ് ഗേൾസ് സ്കൂളിലായിരുന്നു കനകലതയുടെ വിദ്യാഭ്യാസം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കനകലത സിനിമയിലേക്ക് പ്രവേശിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ഉണർത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ ചില്ലിലൂടെയാണ് നടി സിനിമയിൽ സജീവമാകുന്നത്.രാജാവിന്റെ മകൻ, കിരീടം, അപ്പു, ഇൻസ്‌പെക്ടർ ബൽറാം, കൗരവർ, മാനത്തെ കൊട്ടാരം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, പ്രിയം തുടങ്ങി മുന്നൂറോളം സിനിമകളിൽ കനകലത അഭിനയിച്ചു.