കൊല്ലം : കൊല്ലത്തെ തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് കെഎസ്ഇബി. ഓവർസിയറെ സസ്പെൻഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെയാണ് സസ്പെൻഡ് ചെയ്തത്.
ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. പതിറ്റാണ്ടുകളായി അപകടകരമായ നിലയിൽ ലൈൻ പോയിട്ടും ആരും അനങ്ങിയിരുന്നില്ല. 8 വർഷം മുമ്പ് താൽക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു. മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ടിരുന്നു. മാനേജറെ സസ്പെൻഡ് ചെയ്ത് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു. വ്യാപകമായ പ്രതിഷേധം തണുപ്പിക്കാനാണ് സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
അതേസമയം, മിഥുന്‍റെ മാതാപിതാക്കള്‍ക്ക് സഹായധനം നൽകാൻ മന്ത്രിസഭ യോഗം ഇന്നലെ തീരുമാനമെടുത്തു. മിഥുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. 5 ലക്ഷം രൂപ കൂടി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മിഥുന്‍റെ വീട്ടിലെത്തി ഇന്ന് കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു. പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്‍റ് 10 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു. ഇതിന് പുറമെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്‌സ് മുഖാന്തരം വീട് വെച്ച് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു
.