മാനസിക സമ്മർദം അനുഭവിക്കാത്തവരായി ആരും തന്നെ ഇല്ല. എന്തിനേറെ കുട്ടികള്‍ക്കുവരെ മാനസിക സമ്മർദം ആണ്. പഠനഭാരം തൊട്ട് അമിത ജോലിഭാരം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ എന്നിവയെല്ലാം വ്യക്തികളെ മാനസിക സമ്മർദത്തിലേയ്ക്ക് തള്ളിവിടാറുണ്ട്. മാനസിക സമ്മർദം അനുഭവിക്കുന്നവര്‍ക്ക് മൈഗ്രെയ്ന്‍, ഉറക്കം നഷ്ടപ്പെടല്‍, ക്ഷീണം, തളര്‍ച്ച എന്നിവയൊക്ക സാധാരണമാണ്. ചിലര്‍ക്ക് സ്ട്രസ് ഉള്ളപ്പോള്‍ ആഹാരം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. എന്നാല്‍ മറ്റുചിലര്‍ സമ്മർദം വരുമ്പോള്‍ അതിനെ നേരിടുന്നത് ഭക്ഷണം കൂടുതല്‍ കഴിച്ചുകൊണ്ടായിരിക്കും. എന്നാല്‍ ശരിയായ രീതിയില്‍ ചില ആഹാരപദാര്‍ഥങ്ങള്‍ കഴിച്ചാല്‍ മാനസിക സമ്മർദം നിയന്ത്രിക്കാന്‍ സാധിക്കും എന്നതാണ് വാസ്തവം.
മട്ട അരി, ഓട്‌സ്, മധുരക്കിഴങ്ങ് എന്നിങ്ങനെ കാര്‍ബ്‌സ് അടങ്ങിയ മുഴുവന്‍ ധാന്യങ്ങളും കിഴങ്ങും മിതമായ രീതിയില്‍ ഡയറ്റില്‍ ചേര്‍ത്താല്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുകയും ഇത് ശരീരത്തിലേയ്ക്ക് കൃത്യമായ അളവില്‍ ഊർജം എത്തിക്കാനും സ്‌ട്രെസ്സ് അതുപോലെ മൂഡ് സ്വിംഗ്‌സ് എന്നിവ കുറയ്ക്കാനും സഹായിക്കും. അമിതമായി മാനസിക സമ്മർദം അനുഭവിക്കുന്നവര്‍ അവരുടെ ഡയറ്റില്‍ നട്‌സും അതുപോലെ നല്ല മീനും ചേര്‍ക്കുന്നത് നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡ്‌സ് അടങ്ങിയ അയല, മത്തി, സാല്‍മണ്‍ എന്നിവയാമ് കഴിക്കാനായി തിരഞ്ഞെടുക്കേണ്ടത്. ഇത് സ്‌ട്രെസ്സ് ഹോര്‍മോണ്‍ കുറയ്ക്കാനും മൂഡ് സ്വിംഗ്‌സ് കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ബദാം, വാള്‍നട്‌സ്, ഫ്‌ലാക്‌സീഡ്‌സ്, ചിയ സീഡ്‌സ് എന്നിവ ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ നല്ല കൊഴുപ്പ്, നാരുകള്‍, മാഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.