പോത്തൻകോട് : ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജ്വലനം എന്ന പേരിൽ വനിതകൾക്കായി നവംബർ 15 വെള്ളിയാഴ്ച ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ പുതിയ കാലത്തിന്റെ നേർ സാക്ഷ്യമായി പൊതു ഇടം നമ്മുടേതാണെന്ന ബോധ്യം ഒരോരുത്തരിലും ഊട്ടി ഉറപ്പിക്കുന്നതായി പരിപാടി. വൈകുന്നേരം 4 മണിക്ക് തുടങ്ങി രാവേറെ നീണ്ടു നിന്ന ആഘോഷം യുവതികൾക്കും വീട്ടമ്മമാർക്കും പ്രായമായ അമ്മമാർക്കും അവരുടെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരം കൂടിയായി.പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം പ്രശസ്ത നടിയും പുരോഗമന കലാ സാഹിത്യ സംഗം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിഷ മോൾ പരിപാടി വിശദീകരണവും കവിയത്രി വി എസ് ബിന്ദു ആശംസകളും നേർന്നു സംസാരിച്ചു. തുടർന്ന് പോത്തൻകോട് സു ശ്രുത മെഡിക്കൽ സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ കല്പ്പന ഗോപൻ ക്യാൻസർ ബോധവൽക്കരണ ക്ലാസും സ്ത്രീത്വത്തെ ആഘോഷിക്കുക എന്ന വിഷയത്തിൽ എഡ്യൂപ്രേണർ സീമ റാഫി മോട്ടിവേഷൻ ക്ലാസും എടുത്തു. തുടർന്ന് വനിതകളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. രാത്രി നടത്തത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.