തിരുവനന്തപുരം: മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോളൂർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ സജ്ജമാകുന്നത് യുവാക്കളുടെ കായിക മികവ് ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിൽ നിന്ന് യുവാക്കളെ വിട്ടുനിർത്താൻ ഇത്തരം സൗകര്യങ്ങൾ പ്രചോദനമാകുമെന്നും എം.എൽ.എ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെസിഡൻഷ്യൽ യൂത്ത് ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചിറയിൻകീഴ് മണ്ഡലത്തിൽ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും.
വിനിയോഗിച്ചാണ് സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിച്ചത്.ഫ്ലഡ് ലൈറ്റുകൾ, ഫെൻസിങ്ഉ ൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, അത്‌ലറ്റിക്സ് തുടങ്ങിയ മത്സരങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് സ്റ്റേഡിയം സജ്ജീകരിച്ചിരിക്കുന്നത്. കോളൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക എസ്.നായർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി വി., വൈസ് പ്രസിഡൻ്റ് ബിജു എ എന്നിവർ പങ്കെടുത്തു.






