തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചയാള്‍ വീട്ടമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ത്ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതി അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബി . ജെ . പി നേതാക്കൾ പറഞ്ഞു.






