തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം വീണ്ടും ഇതാ ഒരു കെഎസ്ആർടിസി ബസ് യാത്ര നടത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.തൻറെ കോളേജ് കാലത്തെ കെഎസ്ആർടിസി ബസ് യാത്രയുടെ ഓർമ്മ പങ്കുവയ്ക്കുകയും ചെയ്തു താരം.കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫിന് മുന്നോടിയായാണ് മോഹൻലാൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാനായി എത്തിയത്. മുടവൻമുകൾ എന്ന ബോർഡ് വെച്ച കെഎസ്ആർടിസി ബസ്സിൽ കയറുകയും ഫുട്ബോഡിൽ അല്പനേരം നിൽക്കുകയും തുടർന്ന് ഡബിൾ ബെല്ലടിച്ചു യാത്ര ആരംഭിച്ചു.ഈ ബസ് കണ്ടപ്പോൾ തൻറെ കോളേജ് കാലമാണ് ഓർമ്മവന്നത് എന്നും ഏറ്റവും കൂടുതൽ യാത്ര നടത്തിയത് അക്കാലത്ത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ കെഎസ്ആർടിസി യാത്ര ഒരു പ്രത്യേക അനുഭവമാണെന്നും തനിക്ക് മുൻപ് ധാരാളം കെഎസ്ആർടിസി യാത്ര നടത്താൻ സാധിച്ചിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.ഇന്ന് കെഎസ്ആർടിസി ബസ്സിൽ ഒരുപാട് പുതുമകൾ വന്നിട്ടുണ്ടെന്നും ഗംഭീരമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം 24 വരെ കനകക്കുന്നിൽ നടക്കുന്ന കെഎസ്ആർടിസി ഓട്ടോ എക്സ്പ്രയുടെ വിളംബരത്തിനായി സംഘടിപ്പിച്ച ഓർമ്മ യാത്രയുടെ ഭാഗമായി ആക്കുളത്തായിരുന്നു ചടങ്ങ് നടന്നത്.