തിരുവനന്തപുരം : ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എൻ ശക്തന് താൽക്കാലി ചുമതല നൽകിയത്.
പാലോട് രവി ഇന്നലെ രാജി വെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നൽകിയിരുന്നില്ല. ഇന്ന് രാവിലെയാണ് എൻ ശക്തന് ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ വാര്‍ത്താക്കുറിപ്പിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്. പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എൻ ശക്തൻ തന്നെ താൽക്കാലി ചുമതലയിൽ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്.
അതേസമയം, ഡിസിസി അധ്യക്ഷ സ്ഥാനത്തിനുള്ള രവിയുടെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ കർശന നിർദേശത്തെ തുടർന്നാണെന്നാണ് വിവരം. ഫോൺ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകൾ പാലോട് രവി നൽകിയെങ്കിലും രാജിക്കത്ത് നൽകാൻ കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുകയായിരുന്നു.